തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday 24 June 2023

ലഹരി വിരുദ്ധ പോസ്റ്റര്‍ രചന

ആരോഗ്യ അസംബ്ലിയും ഡ്രൈഡേയും(23/06/2023)

പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. അസംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം മനോജ്, ശ്രീമതി ഷീബ വി എന്നിവർ പനി പടരാതിരിക്കാനും വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചും വിശദീകരിച്ചു. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു.

ചരിത്ര താളുകൾ പ്രദർശനം(22/06/2023)

വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അമ്പത് വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ് പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ പി കെ ദിപക് സ്വാഗതവും ശ്രീ സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് ചടങ്ങിന് ആശംസകളർപ്പിച് സംസാരിച്ചു.

യോഗ ദിനം(21/06/2023)

കക്കാട്ട്: ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ്സ്, ഹെൽത്ത് ക്ലബ്, ജനമൈത്രീ പോലീസ് നീലേശ്വരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് ഗവ .ഹയർ സെക്കന്ററി സ്കൂളിൽ യോഗാദിനം ആചരിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ വിശാഖ് ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സറും ഡ്രിൽ ഇൻസ്ട്രക്ടരുമായ പ്രദീപൻ കോതോളി, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ തങ്കമണി പി.പി, കായികഅധ്യാപികയായ പ്രീതിമോൾ ടി.ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ പൃഥിരാജ് രാവണേശ്വരം യോഗാസനങ്ങൾ അഭ്യസിപ്പിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ നന്ദിയും പറഞ്ഞു. ഇരുന്നൂറിൽ അധികം കുട്ടികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു.

പുരാവസ്തുക്കളുടെ പ്രദർശനം(19/06/2023)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന പല പുരാവസ്തുക്കളും കാണാൻ കുട്ടികൾക്ക് കിട്ടിയ അസുലഭ സന്ദർഭമായിരുന്നു പുരാസവസ്തു പ്രദർശനം

വായനാദിനം

"അക്ഷരം അനശ്വരം" 2023 ലെ വായനാ മാസാചരണ പരിപാടികളുടെ ഉത്ഘാടനവും സ്കൂളിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി എസ് പ്രീത നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി രാധ അധ്യക്ഷത വഹിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രാദേശിക ഗ്രന്ഥശാലകളിൽ അംഗങ്ങളാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ പി പ്രകാശൻ പത്താം തരം വിദ്യാർത്ഥിനി ആദിത്യ ബിനുവിന് സഹൃദയ വായനശാലയുടെ അംഗത്വം നല്കി നിർവ്വഹിച്ചു. ശ്രീ കെ രാഗേഷ് വായനാ ദിന സന്ദേശവും ശ്രീമതി ശാന്ത ജയദേവൻ പി എൻ പണിക്കർ അനുസ്മരണവും നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് സ്വാഗതവും വിദ്യാരംഗം കൺവീനർ ഡോ. പി കെ ദിപക് നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ കെ നാരായണൻ, ശ്രീമതി എം സുഷമ സഹൃദയ വായനശാല സെക്രട്ടറി നാരായണൻ പാലക്കുന്ന് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആറാം ക്ലാസ്സിലെ അശ്വഘോഷ് സി ആർ പുസ്തകപരിചയം നടത്തി. കുമാരി സാംബവി കാവ്യാലാപനം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ എടുത്തു.

Saturday 17 June 2023

എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ക്വിസ്സ്

കുട്ടമത്ത് സ്കൂളിൽ വെച്ച് നടന്ന എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത് പത്താം തരം വിദ്യാർത്ഥികളായ നവനീത് പി, ഷറഫുള്ള കെ കെ എന്നിവരാണ്.

വയോജന അതിക്രമ അവബോധ ദിനം(15/06/2023)

വയോജന അതിക്രമവിരുദ്ധ ബോധവൽക്കരണ ദിനമായ ജൂൺ 15ന് സ്കൂൾ അസംബ്ലിയിൽ കക്കാട്ട് സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ് ശ്രമതി ബി നാരായണി, നാരായണി ടീച്ചർ എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിട്ടു. സ്കൂൾ ലീഡർ അനന്യ വയോജന അതിക്രമ അവബോധദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പൽ ശ്രീമതി കെ കെ ഹേമലത വിശിഷ്ടാതിഥികളെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. ഹെ‍ഡ്മാസ്റ്റർ ശ്രീ മനോജ്കുമാർ എം സ്വാഗതവും സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. ചടങ്ങിൽ ശ്രീ സി എച്ച് സനൂപ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , മൂനീർ എം, പ്രമോദ് കുമാർ എം വി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.

Sunday 11 June 2023

പരിസ്ഥിതി ദിനാഘോഷം 2023

കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, എസ് പി സി ,സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ 2023ലെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.

പ്രവേശനോത്സവം 2023

ഒരധ്യയന വർഷത്തിനു കൂടി തുടക്കമായി ...... മഴമേഘങ്ങൾ ഒളിച്ചുകളി തുടരുകയാണെങ്കിലും സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല.നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഇതിന് പൊലിമ കൂട്ടാൻ ഒരുക്കിയ തലപ്പാവും മുഖംമൂടിയും വൈവിധ്യമാർന്ന പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി.
അധ്യാപികമാരായ ശ്രീജ, ശശിലേഖ, യശോദ, ചിത്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ ഒരുക്കങ്ങൾ പൂർത്തിയായത് . സ്കൂളിലെ SPC , ഗൈഡ്സ് കുട്ടികളുടെ സേവനം എടുത്തു പറയേണ്ടതു തന്നെ. ദിവസങ്ങൾക്കു മുന്നെ തുടങ്ങിയ ഒരുക്കങ്ങൾ മികച്ച ആസൂത്രണത്തിൻ്റെ ഫലമാണ്. വിദ്യാലയാങ്കണം ബഹുവർണങ്ങളാൽ അലംകൃതമായിരുന്നു. വിദ്യാലയത്തിൻ്റെ പ്രധാന പ്രവേശന കവാടം ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തയാറാക്കിയിരുന്നു. രാവിലെ 9.45-ഓടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും മനോഹരമായ പൂക്കളുടെ ആകൃതിയിൽ തയ്യാറാക്കിയ മുഖാവരണവും അണിഞ്ഞ് കൈയ്യിൽ പലവർണ പേപ്പർ പൂക്കളുമേന്തി സ്കൂൾ കവാടത്തിൽ അണിനിരന്നപ്പോൾ മനോമോഹനമായ മയൂരനടനം പോലെ ദൃശ്യമായി .വെയിലിൻ്റെ തീക്ഷ്ണത പൊതുവെ കുറവായിരുന്നു. പിഞ്ചോമനകൾ വെയിലേറ്റ് വാടാതിരിക്കാൻ പകലോൻ്റെ കരുതൽ തന്നെ .... വാർഡ് മെമ്പർ ശ്രീമതി രാധ, പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.വി.മധു, ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ സന്തോഷ് മാസ്റ്റർ, അധ്യാപകരായ ദീപക്, മഹേഷ്, സുധീർ, നാരായണൻ കുണ്ടത്തിൽ എന്നിവർ ഘോഷയാത്രയുടെ മുൻ നിരയിൽ ഉണ്ടായിരുന്നു. SPC, സ്കൗട്ട്സ് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. PTA അംഗങ്ങളും രക്ഷിതാക്കളും ഘോഷയാത്രയിൽ പങ്കെടുത്തു. ബാൻഡ് വാദ്യ താളകൊഴുപ്പിൻ്റെ അലയൊലികൾ വിദ്യാലയാന്തരീക്ഷത്തെ മേളമുഖരിതമാക്കി . ഘോഷയാത്ര സ്കൂൾ മൈതാനത്തിൽ നിന്നു തുടങ്ങി പ്രധാന പ്രവേശന കവാടത്തിലൂടെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. 2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു . ഒന്നാം ക്ലാസ്സിലേയും പ്രി പ്രൈമറിയിലേയും കുട്ടികൾക്ക് പഠന കിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട്, SFI ഏരിയാ കമ്മിറ്റി, ഗരിമ പുരുഷ സഹായ സംഘം , കാസറഗോഡ് 'മൈ ഫോൺ ' ഷോപ്പുടമ ശ്രീ മുഹമ്മദ് ഫൈസൽ എന്നിവർ കിറ്റുകൾ സ്പോൺസർ ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിദ്യാലയത്തിൽ സന്നിഹിതരായിരുന്ന രക്ഷിതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും പായസ മധുരം നൽകിയത് പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുന്ന പ്രവർത്തനമായി മാറി . ലളിതമാണെങ്കിലും കക്കാട്ട് ഗരിമ ഒട്ടും ചോരാതെ പ്രൗഢോജ്വലമായി തന്നെ ഈ വർഷത്തെ പ്രവേശനോത്സവത്തിന് പരിസമാപ്തിയായി .പ്രവേശനോത്സവ കൺവീനർ ശ്രീ പ്രമോദ് മാസ്റ്റർ എല്ലാവർക്കും നന്ദി അറിയിച്ചു.