തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday 4 March 2023

ശ്രദ്ധ- പഠന പരിപോഷണ പരിപാടി 2022-23

വിവിധ വിഷയങ്ങളിൽ പഠനപിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈത്താങ്ങ് നല്കി മറ്റു കുട്ടികളോടൊപ്പമെത്തിക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഹൈസ്ക്കൂൾ വിഭാഗത്തിൽ 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇതിൽ പരിഗണിക്കുന്നത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെ കുറിച്ചു ആലോചിക്കുന്നതിനു 14/11/20 22 ന് ഒരു എസ്.ആർ.ജി.യോഗം ചേരുകയും ഇതിന്റെ കോഡിനേറ്ററായി ശ്രീമതി ശാന്ത ടീച്ചറെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രീ-ടെസ്റ്റ് നടത്തി കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. പ്രാരംഭത്തിൽ 53 കുട്ടികളെയാണ് ഇതിൽ പരിഗണിച്ചത്. എന്നാൽ ക്ലാസ് തുടങ്ങിയ ശേഷം ശരാശരി നിലവാരത്തിലുള്ള പല കുട്ടികളുടെയും അഭ്യർത്ഥന പരിഗണിച്ച് കുട്ടികളുടെ എണ്ണം വിപുലീകരിച്ചു. വിവിധ സബ്ജക്ട് കൗൺസിലുകൾ ചേർന്ന് പരിശീലനം നൽകുന്ന അധ്യാപകരുടെ ലിസ്റ്റും സമയക്രമവും തയ്യാറാക്കി. മൊഡ്യൂളുകൾ അധ്യാപകർക്ക് പ്രിന്റെടുത്ത് നല്കി. അതിനു ശേഷം 17/11/2022 ന് പദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. HM വിജയൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അസിസ്റ്റന്റ് സന്തോഷ് മാഷ്, എസ്.ആർ.ജി കൺവീനർ മുനീർ മാഷ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. 21/11/ 2022 ന് ഔപചാരികമായി ക്ലാസ് ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നല്കി. സാധാരണ പഠന സമയത്തിന് പുറമെ രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തിയാണ് ക്ലാസ്സെടുത്തത്. എല്ലാ ദിവസവും കുട്ടികൾക്ക് ലഘു ഭക്ഷണം നല്കി. ആഴ്ചയിലൊരിക്കൽ ഓരോവിഷയത്തിന്റെയും തുടർ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെഡ് മാസ്റ്റർ കൃത്യമായി ക്ലാസ്സ് നിരീക്ഷിച്ച് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി. 28/2/2023 ന് പദ്ധതി പൂർത്തികരിച്ചതിന്റെ ഭാഗമായി സമാപനയോഗം ചേർന്നു. കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി പോസ്റ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. ശ്രീമതി രതി ടീച്ചർ നേതൃത്വം നല്കി. തുടർ പഠനത്തിന് പ്രേരണയെന്നോണം മുഴുവൻ കുട്ടികൾക്കും ഓരോ നോട്ടുപുസ്തകം നല്കുകയുണ്ടായി. ശ്രീമതി ശാന്ത ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അധ്യാപിക ശ്രീമതി ഉഷടീച്ചർ അധ്യക്ഷത വഹിച്ചു. എച്ച്.എം. ശ്രീ വിജയൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. മുനീർ മാഷ്, സുഷമ ടീച്ചർ, സവിത ടീച്ചർ, രജന ടീച്ചർ, ദീപക് മാഷ്, ശ്രീവിദ്യ ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. ചില കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചത് ഹൃദയാവർജകമായി. ഒൻപതാം തരത്തിലെ ഷെഫിൻ ഷാ എന്ന കുട്ടിയുടെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.

"ക്രിയത്മക കൗമാരം കരുത്തും കരുതലും"

സ്കൂള്‍ ടീന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ "ക്രിയത്മക കൗമാരം കരുത്തും കരുതലും" എന്ന വിഷയത്തെ ആസ്പദമാക്കി 8,9ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. സീമ ജി ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീമതി ശ്രീവിദ്യ ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ദേശീയ ശാസ്ത്രദിനം

ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി ശാസ്തരപരീക്ഷണകളരി സംഘടിപ്പിച്ചു. ശ്രീ അനില്‍ മാസ്റ്റര്‍ നേതൃത്വം നല്കി. ലളിതമായ വാക്കുകളിലൂടെ അദ്ദേഹം ശാസ്ത്രപാടവം കുട്ടികളിലേക്ക് പകര്‍ന്ന് നല്കി. തുടര്‍ന്ന് കുട്ടികള്‍ സ്വയം പരീക്ഷണത്തിലേര്‍പ്പെട്ടു. ശ്രീ സതീശന്‍ മാസ്റ്റര്‍ പരീക്ഷണത്തിന് പിന്നിലുള്ള ശാസ്ത്രതത്വങ്ങള്‍ വിശദീകരിച്ചു. രാവിലെ ഒന്‍പതാം ക്ലാസ്സിലെ ദേവദത്ത് ശാസ്ത്രദിന പ്രഭാക്ഷണം നടത്തി.