തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday 17 August 2022

ചിങ്ങം 1 കര്‍ഷകദിനം

കാർഷിക പൈതൃകം ആഘോഷിക്കാനും , നാടിന്റെ നട്ടെല്ലായ കർഷകരെ ചേർത്ത് പിടിക്കാനും, നഗരവത്കരണത്തോടൊപ്പം അന്യമായി ക്കൊണ്ടിരിക്കുന്ന കാർഷിക പാരമ്പര്യം അടുത്തറിയാനുമുള്ള പ്രവർത്തനങ്ങളുമായി കർഷക ദിനത്തിൽ ഗവ:ഹയർ സെക്കന്ററി സ്ക്കൂൾ കക്കാട്ട് സ്കൗട്ട്സ് & ഗൈഡ്സ് , പരിസ്ഥിതി ക്ലബുകൾ . മണ്ണിനെ നെഞ്ചോടു ചേർത്ത് മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകയായ തെക്കൻ ബങ്കളത്തെ ശ്രീമതി എം.വി കല്യാണിയെ യൂണിറ്റംഗങ്ങൾ പൊന്നാടയണിച്ചും, ഓണക്കോടി നൽകിയും ആദരിച്ചു.കാസർകോട് ജില്ലയുടെ വാഴത്തോട്ടം എന്നറിയപ്പെടുന്ന മടിക്കൈ പഞ്ചായത്തിലെ തെക്കൻ ബങ്കളത്ത് വാഴ കൃഷിയോടൊപ്പം തന്നെ മറ്റെല്ലാ കൃഷികളും പാരമ്പര്യ രീതിയിൽ നടത്തുന്ന ശ്രീമതി എം.വി. കല്യാണിയെ അവരുടെ വാഴത്തോട്ടത്തിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.വി.മധു പൊന്നാടയണിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. പ്രകാശൻ മാസ്റ്റർ ഓണക്കോടി കൈമാറി. സീനിയർ അസിസ്റ്റന്റ് കെ. പ്രിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചച്ചു.ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ, രതി ടീച്ചർ, പരിസ്ഥിതി ക്ലബ് കൺവീനർ കെ.രജില ടീച്ചർ, ഹരിനാരായണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് യൂണിറ്റംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ അടുക്കളത്തോട്ടത്തിൽ പപ്പായത്തെകൾ നട്ടു. ചക്കരമാവിൻ തൈ നടൽ പ്രീത ടീച്ചർ നിർവ്വഹിച്ചു.

Monday 15 August 2022

"ആസാദി കാ അമൃതമഹോത്സവ്"സ്വാതന്ത്ര്യദിനഘോഷം

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചു. എസ്പിസി കേഡറ്റുകൾ വീശിഷ്ട വ്യക്തികൾക്ക് സല്യൂട്ട് നൽകിക്കൊണ്ട് വേദിയിലേക്ക് സ്വീകരിച്ചു. സ്കൂൾ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സതീശൻ ദേശീയ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് SPC കേഡറ്റുകളുടെ സെറി മോണിയൽ പരേഡിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പ്രകാശൻ വി, നിലേശ്വരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രാജീവൻ പി എന്നിവർ സല്യൂട്ട് സ്വീകരിച്ചു. പരേഡിന് ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കെ.വി , ശൈലജ എം അധ്യാപകരായ മഹേശൻ എം , തങ്കമണി പി.പി എന്നിവർ നേതൃത്വം നൽകി. ഈ വർഷം റിട്ടയർ ചെയ്യുന്ന വിജയലക്ഷ്മി ടീച്ചർ നൽകിയ സ്നേഹോപഹാരമായ ഫ്ലാഗ് പോസ്റ്റ് ബഹു: മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വർണശബളമായ ഘോഷയാത്രയിൽ അധ്യാപകരും രക്ഷിതാക്കളും എസ് പി സി, റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ് , എൻ എസ് എസ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർത്ഥികളും അണിനിരന്നു. പിടിഎ പ്രസിഡണ്ട് കെ വി മധുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ അക്ഷയ ക്ലബ്ബ് കുട്ടപ്പന നൽകിയ റോസ് ട്രം ഹെഡ്മാസ്റ്റർ ശ്രീ വിജയൻ പി ഏറ്റുവാങ്ങി.എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഈ ചടങ്ങിൽ വച്ച് നടക്കുകയുണ്ടായി.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഡിസ്പ്ലേ നൃത്തശില്പം എന്നിവ നടത്തുകയുണ്ടായി.സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക ദിനചാരണ ത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഭൂപടം വരച്ചുകൊണ്ട് പ്ലാറ്റിനം ജൂബിലി ദീപം സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവർ ചേർന്നു തെളിയിച്ചു. ചടങ്ങിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീമതി രാധ, വിജയൻ പി, ശ്രീമതി. പ്രീത കെ, എസ് എം സി ചെയർമാൻ ശ്രീ പ്രകാശൻ ടി, അക്ഷയ ക്ലബ് സെക്രട്ടറി ശ്രീ. രതീഷ് ,ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീമതി വിജയലക്ഷ്മി ടീച്ചർ, എന്നിവർ സംസാരിച്ച ചടങ്ങിന് പ്രിൻസിപ്പൽ സതീശൻ മാസ്റ്റർ സ്വാഗതവും സന്തോഷ്‌ മാസ്റ്റർ നന്ദിയും അർപ്പിച്ചു.

Friday 12 August 2022

"ഒപ്പം"ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അബ്ദുൾ റഹിമാൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സ്പെഷൽ ടീച്ചർ രജനി പി യു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആൽബിൻ സെബാസ്റ്റ്യൻ സ്വാഗതവും ഭവ്യ പി വി നന്ദിയും പറഞ്ഞു.

യുദ്ധ വിരുദ്ധ സെമിനാര്‍

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധസെമിനാർ മത്സരം സംഘടിപ്പിച്ചു. പി വി സുഷമ, കെ ജെ ഷാന്റി, നാരായണൻ കുണ്ടത്തിൽ എന്നിവർ നേതൃത്വം നല്കി

പ്രതിമാസ വായനാ പുരസ്കാരം

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രതിമാസ വായനാ പുരസ്കാരത്തിന്റെ ജുൺ മാസത്തെ പുരസ്കാര വിതരണവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരെകുറിച്ചുള്ള "എം ടി മലയാളത്തിന്റെ തേജസ്സ്"പ്രഭാക്ഷണവും കണ്ണുർ സർവ്വകലാശാല മലയാള വിഭാഗം ഹെഡ് ഡോ. വി റീജ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റ്ർ പി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്റർ ഡോ. പി കെ ദീപക് സ്വാഗതവും ജോ. കോർഡിനേറ്റർ പി സുധീർകുമാർ നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് കെ പ്രീത, എസ് എം സി ചെയർമാൻ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

യുദ്ധവിരുദ്ധ റാലി

നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിന്റെയും സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് യുദ്ധവിരുദ്ധറാലി നടത്തി. ഹെഡ്മാസ്റ്റർ പി വിജയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ശിശു സൗഹൃദ പോലീസ് ഓഫീസ്സർ എം.ശൈലജ, അധ്യാപകരായ പി.പി.തങ്കമണി, പി.വി. സുഷമ,എം.മുനീർ, ടി.ആർ. എം.പ്രീതിമോൾ, എം.മഹേശൻ ,ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു.

Tuesday 9 August 2022

ബങ്കളത്തെ മിടുക്കികള്‍ ഇനി കേരളാ ബ്ലാസ്റ്റേഴ്സില്‍

ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ് കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്. ബങ്കളം കക്കാട്ട് സ്‌കൂൾ മൈതാനിയിൽ ഇവർ ഒരുമിച്ചാണ് പന്തുതട്ടിത്തുടങ്ങിയത്‌. 20 ദിവസമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്ന ഇവർ. കോച്ച് ഷെരീഫ് ഖാന്റെ കീഴിലാണ്‌ പരിശീലനം. 28 പേരെയാണ്‌ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്‌. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുത്ത പി മാളവിക (ബങ്കളത്തെ പരേതനായ പ്രസാദിന്റെയും മിനിയുടെയും മകൾ), ഇന്ത്യൻ ഫുട്‌ബോൾ താരം എസ് ആര്യശ്രീ (രാങ്കണ്ടത്തെ ഷാജുവിന്റെയും ശാലിനിയുടെയും മകൾ), കേരള താരങ്ങളായ പി അശ്വതി ( പരേതനായ രവീന്ദ്രന്റെയും രജനിയുടെയും മകൾ), വി വി ആരതി (രാജന്റെയും ശ്രീലേഖയുടെയും മകൾ), മുൻ ഫുട്‌ബോൾ താരം അഞ്ജിത മണി (മണിയുടെയും നളിനിയുടെയും മകൾ ), കൃഷ്ണപ്രീയ (കൃഷ്ണൻ- ദേവകി ദമ്പതികളുടെ മകൾ) എന്നിവരാണ്‌ ബ്ലാസ്റ്റേഴ്‌സ് ജഴ്സി അണിഞ്ഞ്‌ ജില്ലയുടെ അഭിമാനമാകുന്നത്‌. ആര്യശ്രീയും മാളവികയുമാണ് ആദ്യം കരാർ ഒപ്പിട്ടത്. അശ്വതിയെയും ആരതിയെയും കൊൽക്കത്തയിൽ കളിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ്‌ കാണുന്നത്‌. തുടർന്ന് അവരും കരാർ ഒപ്പിട്ടു. ഇവരുടെ ഒപ്പം കളിഞ്ഞ അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരെയും പിന്നീട് തിരഞ്ഞെടുത്തു. ഫുട്‌ബോൾ കോച്ചും കാഞ്ഞങ്ങാട് സബ് കലക്ടർ ഓഫീസിലെ ക്ലർക്കുമായ നിധീഷ് ബങ്കളവും കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ടി ആർ പ്രീതി മോളും പരിശീലനം നൽകിയ താരങ്ങളാണ് ഇവർ. ബങ്കളം വുമൺസ് ക്ലിനിക്കെിലെ താരങ്ങൾ. കക്കാട്ട് സ്ക്കൂളിലാണ് എല്ലാവരും പഠിച്ചത് എന്ന പ്രത്യേകതയുമുണ്ട്. കേരള വനിതാലീഗിലും ഐഎസ്എൽ വനിതാ മത്സരത്തിലും ഇവരുടെ മിന്നും പ്രകടനം ഇനി ലോകം കാണും

മോർണിംഗ് ക്യാമ്പ്

സ്പോർട്സ് കൗൺസിൽ കോച്ചിന്റെ നേതൃത്വതിൽ കുട്ടികൾക്ക് രാവിലെ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

പിറന്നാൾ സമ്മാനമായി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകം

പിറന്നാൾ സമ്മാനമായി 7Bക്ലാസ്സിലെ റിഷികേദ് ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ നന്ദികേശൻ ഏറ്റുവാങ്ങി.

ആടിവേടൻ വിദ്യാലയമുറ്റത്ത്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കർക്കടകതെയ്യം ആടിവേടൻ വിദ്യാലയമുറ്റത്ത് എത്തി. നാട്ടുനന്മയുടെ മണികിലുക്കി കർക്കടക മാസത്തിലെ ആധിയും വ്യാധിയും അകറ്റാൻ നാട്ടുവഴികളിവൂടെ വരുന്ന ആടിവേടനെ അടുത്തറിയാനുള്ള അവസരമായി കുട്ടികൾക്ക് .

ഹിരോഷിമ-നാഗസാക്കി ദിനം

എസ് പി സി, സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. യുദ്ധവിരുദ്ധ റാലി, സെമിനാർ, പോസ്റ്റർ രചനാ മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

Tuesday 2 August 2022

സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ

സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായ കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം

"സത്യമേവ ജയതേ"

ഡിജിറ്റൽ മീഡിയ ആന്റ്‌ ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്ന "സത്യമേവ ജയതേ" ക്ലാസ്സ് കക്കാട്ട് സ്കൂളിൽ ആരംഭിച്ചു

Monday 1 August 2022

പ്രതിമാസ വായനാപുരസ്കാരം

സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനം

സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനമായ ആഗസ്റ്റ് 1 ന് വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പി. വിജയൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.വി.മധു , എസ്.എം.സി ചെയർമാൻ ശ്രീ. പ്രകാശൻ , സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി. പ്രകാശൻ മാസ്റ്റർ എന്നിവരെ കമ്പനി ലീഡർ വേധ എസ്.രഘു, ട്രൂപ്പ് ലീഡർ അക്ഷയ് മുരളി, പട്രോൾ ലീഡർമാരായ ശിവഗംഗ ആർ.എം, വാഗ്ദശ്രീ ജെ. പ്രശാന്ത്, ശ്രീലാൽ കെ.എന്നിവർ സ്കാർഫ് അണിയിച്ചു. രാജ്യത്തോടുള്ള കടമ നിർവ്വഹിച്ച്, മറ്റുള്ളവരെ സഹായിച്ച്, സ്കൗട്ട് ഗൈഡ് നിയമം അനുസരിച്ച് ഉത്തമ പൗരന്മാരായി മാറാൻ കഴിയട്ടെ എന്ന് ഹെഡ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ മാരായ ശശിലേഖ.എം, നിർമ്മല എ.വി., രതി.കെ എന്നിവർ നേതൃത്വം നൽകി.